കണ്ണൂർ: റെയ്ഡ്കോയുടെ കാർഷികാനുബന്ധ നൂതന സംരംഭങ്ങളുടെ ഭാഗമായ റെയ്ഡ്കോ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം 30നു നടക്കും.
കണ്ണോത്തുംചാലിൽ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കുമെന്നു ചെയർമാൻ എം. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
നഴ്സറി തൈകൾ, അത്യുത്പാദന ശേഷിയുള്ള ഫലവൃക്ഷതൈകൾ, വിത്ത്, ബയോ ഫെർട്ടിലൈസർ, പ്രകൃതിസൗഹൃദ കീടനാശിനികൾ, കാർഷികോപകരണങ്ങൾ തുടങ്ങി കർഷകർക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണു സെന്ററിന്റെ ലക്ഷ്യം.
കൂടാതെ റെയ്ഡ്കോ ബ്രാൻഡിൽ പുതുതായി മാർക്കറ്റിൽ ഇറക്കുന്ന ഉത്പന്നങ്ങളുടെ ലോഞ്ചിംഗ്, കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറൂം കം സർവീസ് സെന്റർ ഉദ്ഘാടനം, കുടുംബശ്രീ ന്യൂട്രിമിക്സ് നിർമാണ യൂണിറ്റുകൾക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
ഇത്തവണ 200 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു. പത്രസമ്മേളനത്തിൽ സിഇഒ വി. രതീശൻ, സി.പി. മനോജ്കുമാർ, എ.കെ. ഗംഗാധരൻ, വാസു തോട്ടത്തിൽ, പി. നാരായണൻ എന്നിവരും പങ്കെടുത്തു.